ദൈവാസ്തിക്യവും ശാസ്ത്രവും:13 ശാസ്ത്രമല്ല, അതിശാസ്ത്രവാദമാണ് നാസ്തികം

“വിഡ്ഢിയാകാൻ രണ്ട് വഴികളുണ്ട്. ഒന്ന് സത്യമല്ലാത്തത് വിശ്വസിക്കുക; മറ്റൊന്ന് സത്യം വിശ്വസിക്കാൻ വിസമ്മതിക്കുക.” ആദ്യത്തെ അസ്തിത്വവാദി തത്ത്വചിന്തകനായി കണക്കാക്കപ്പെടുന്ന സോറൻ കീർ‌ക്കെഗാഡ് (1813-1855) പറഞ്ഞ പ്രശസ്തമായ ഒരു വാചകമാണിത്. വ്യക്തമായ തെളിവുകളെ അവഗണിക്കുവാൻ വിജ്ഞരായ നാസ്തികർക്കു സാധിക്കുന്നതെങ്ങനെ എന്നു ചിന്തിക്കുമ്പോഴെല്ലാം എനിക്കിതാണ് ഓർമ വരാറുള്ളത്.

ഈയിടെയായി നാസ്തിക ചിന്ത തലക്കു പിടിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കാണാൻ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ നിരീശ്വരവാദ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതിൽ അവലംബമാക്കിയിരുന്നത് ചില കേവല യുക്തികളെ മാത്രമായിരുന്നുവെന്നും സത്യസന്ധമായ അന്വേഷണ ബുദ്ധിക്കോ നിഷ്പക്ഷമായ പഠനത്തിനോ ഇടം ലഭിച്ചിട്ടില്ലെന്നുമുള്ള തിരിച്ചറിവാണു കാരണം. പ്രശസ്തരായ ചിലരോടുള്ള വീരാരാധനയും അവർ പറയുന്നതെന്തും അപ്രമാദമായ ശാസ്ത്ര സത്യങ്ങളാണെന്ന മുൻധാരണയും  മാറ്റിവെക്കാനും നിഷ്പക്ഷമായി പഠിക്കാനും തയ്യാറുള്ളവർക്ക് പരമസത്യത്തിലേക്കുള്ള പാത അനായാസമാണ്.

ദൈവാസ്തിക്യം ശാസ്ത്രീയമാണ് എന്ന ലേഖന പരമ്പര ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കോ പ്രസിദ്ധീകരണത്തിനോ ഉള്ള മറുപടിയല്ല. എങ്കിലും ഇതു മുടങ്ങാതെ ശാന്തമായി പിന്തുടർന്ന ഒരാളുടെ ചോദ്യത്തെ മുഖവിലക്കെടുക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. നാം പറയുന്നതു പോലെ ദൈവാസ്തിക്യം ശാസ്ത്രീയമായ ബോധ്യങ്ങളുടെ പിൻബലം ഉള്ളതാണെങ്കിൽ എന്തുകൊണ്ടാണ് ശാസ്ത്ര രംഗത്തുള്ള പ്രശസ്തരായ നിരവധി ആളുകൾ അതിനെ തിരസ്കരിക്കുന്നത്? നാം അവകാശപ്പെടുന്ന ശക്തമായ തെളിവുകളെ ഇവർക്കൊന്നും ബോധ്യപ്പെടാത്തതെന്താണ്? എന്നാണ് ചോദ്യത്തിന്റെ കാമ്പ്.

ഇതേ ചോദ്യമാണ് ആർ.സി സ്പ്രൗളിന്റെ If There Is a God, Why Are There Atheists? എന്ന പുസ്തകവും ചർച്ച ചെയ്യുന്നത്. ദൈവ വിശ്വാസം പലർക്കും അരോചകമായിരിക്കുന്നത് എന്താണ് എന്നതിനു അദ്ദേഹം നൽകുന്ന വിശദീകരണം ഇങ്ങനെയാണ്:

“God’s presence is severely threatening to man. God manifests a threat to man’s moral standards, a threat to his quest for autonomy, and a threat to his desire for concealment. God’s revelation involves the intrusion and indeed invasion of the ‘other,’ the ‘different,’ the alien and strange to human circumstances. In a word, it represents the invasion of light into the darkness to which man is accustomed.”

“ദൈവത്തിന്റെ സാന്നിദ്ധ്യം മനുഷ്യനെ കഠിനമായി ഭീഷണിപ്പെടുത്തുന്നു. മനുഷ്യന്റെ ധാർമിക മാനദണ്ഡങ്ങൾക്കുള്ള ഒരു ഭീഷണി ദൈവം പ്രകടമാക്കുന്നു – സ്വന്തം പരമാധികാരത്തിനു വേണ്ടിയുള്ള അവന്റെ അന്വേഷണത്തിനുള്ള ഭീഷണി, മറച്ചു പിടിക്കാനുള്ള അവന്റെ ആഗ്രഹത്തിനുള്ള ഭീഷണി. ദൈവിക വെളിപാടിൽ മനുഷ്യ സാഹചര്യങ്ങൾക്കു അന്യവും അപരിചിതവുമായ ‘മറ്റൊരാളുടെ’, ‘വ്യത്യസ്തനായ ഒരാളുടെ’ കടന്നു കയറ്റവും, പരമാർത്ഥത്തിൽ അധിനിവേശവും ഉൾപ്പെടുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, മനുഷ്യൻ കൊണ്ടു നടക്കുന്ന ഇരുട്ടിലേക്ക് വെളിച്ചം കടന്നു കയറുന്നതിനെ ഇത് പ്രതിനിധീകരിക്കുന്നു. ”

തെളിച്ചു പറയട്ടെ, ദൈവമുണ്ടെന്നു അംഗീകരിച്ചു മുന്നോട്ടു പോകുന്നത് ശക്തമായ ധാർമികതയുടെ അതിർവരമ്പുകളിൽ നിന്ന് മുക്തനാകാനുള്ള മനുഷ്യന്റെ സ്വാഭാവിക വാഞ്ഛക്കും മോഹത്തിനും  വെല്ലുവിളിയാണ്. സ്വതന്ത്ര ധാർമികതക്കും, പച്ചയ്ക്കു പറഞ്ഞാൽ തന്നിഷ്ടങ്ങൾ രൂപപ്പെടുത്തുന്നതിനും സ്വയം പടുത്തുയർത്തിയ കോട്ടയുടെ രാജാവായി വാഴുന്നതിനും നിയന്ത്രണങ്ങൾ വേണ്ടിവരും. ഒരു പരമാധികാരിക്കു മുമ്പിൽ വിചാരണക്കു വിധേയനാകേണ്ടി വരുമെന്ന വിശ്വാസം തോന്നിയ പോലെ ജീവിക്കുന്നതിനു തടസ്സമാകും. ഇതു നിരീശ്വരവാദികൾക്കെതിരെ വിശ്വാസികൾ ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ഒരു ആരോപണമാണ് എന്നു വിചാരിക്കരുത്. കടുത്ത നിരീശ്വരവാദിയായിരുന്ന, ഫ്രഞ്ച് അസ്തിത്വവാദി തത്ത്വചിന്തകനും സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ജീന്‍ പോള്‍ സാര്‍ത്രെ ഇക്കാര്യം ചുരുക്കിപ്പറഞ്ഞിട്ടുണ്ട്: all is permissible if God does not exist – “ദൈവം ഇല്ലെങ്കിൽ എല്ലാം അനുവദനീയമാണ്.” നിരീശ്വരവാദത്തിന്റെ ശക്തമായ വാക്താക്കളായിരുന്ന എത്രയോ പേരെ ഇതിനു ഉദാഹരിക്കാനാവും.

മതവിരോധമുള്ള അനേകം ആളുകൾ ദൈവമുണ്ടെന്ന വിശ്വാസം ശാസ്ത്രവിരുദ്ധവും അയുക്തികവുമാണ് എന്നു പ്രചണ്ഡമായി പ്രചരിപ്പിക്കുന്നുണ്ട്. ‘അവനെ’ അറിയാനുള്ള വഴികളെയും ശ്രമങ്ങളെയും അടിച്ചമർത്താനും നിഷേധിക്കാനും ‘മതേതര ബോധം’ പണിയുവാനുമുള്ള ശക്തമായ ശ്രമങ്ങളുമുണ്ട്. അതു പലരെയും വീഴ്ത്തിയിട്ടുണ്ടെന്നതും നേര്; വിശിഷ്യാ നമ്മുടെ അക്കാദമിയകളിലും സോഷ്യൽ മീഡിയയിലുമുള്ളവരെ. വാസ്തവത്തിൽ, മതവിരോധം അല്ലെങ്കിൽ നിരീശ്വരവാദം നാം പല തവണ പറഞ്ഞിട്ടുള്ളതു പോലെ വേറെയൊരു മതമാണ്. ആദ്യ വായനയിൽ, ഇത് മതാന്ധത തലക്കു പിടിച്ചവരുടെ ആരോപണമായി തോന്നാം. എന്നാൽ, മനഃശാസ്ത്ര വിദഗ്ധരെ വായിക്കുമ്പോൾ ഇപ്പറഞ്ഞത് കൂടുതൽ വ്യക്തമാകും. ബെസ്റ്റ് സെല്ലിംഗ് സൈക്കോളജിസ്റ്റ് എഴുത്തുകാരൻ എം. സ്കോട്ട് പെക്ക് തന്റെ The Road Less Travelled എന്ന പുസ്തകത്തിൽ എഴുതുന്നു:

“[A] reason that scientists are so prone to throw the baby out with the bath water is that science itself, as I have suggested, is a religion. The neophyte scientist, recently come or converted to the world view of science, can be every bit as fanatical as a Christian crusader or a soldier of Allah. This is particularly the case when we have come to science from a culture and home in which belief in God is firmly associated with ignorance, superstition, rigidity and hypocrisy. Then we have emotional as well as intellectual motives to smash the idols of primitive faith. A mark of maturity in scientists, however, is their awareness that science may be as subject to dogmatism as any other religion.”

“[എ] ശാസ്ത്രജ്ഞർ കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കാൻ അങ്ങേയറ്റത്തെ പ്രവണത കാണിക്കുന്നതിനു കാരണം ഞാൻ സൂചിപ്പിച്ച പോലെ ശാസ്ത്രം തന്നെ ഒരു മതമായതാണ്. ഒരു നിയോഫൈറ്റ് ശാസ്ത്രജ്ഞൻ, അതായത് അടുത്തിടെ ശാസ്ത്രത്തിന്റെ ലോകവീക്ഷണത്തിലേക്ക് വന്നതോ പരിവർത്തനം ചെയ്തതോ ആയ ഒരാൾ, ക്രിസ്ത്യൻ കുരിശു പോരാളിയെപ്പോലെയോ അല്ലാഹുവിന്റെ മാർഗത്തിലുള്ള യോദ്ധാവിനെപ്പോലെയോ എല്ലാ അർഥത്തിലും തികച്ചും സ്വപക്ഷാന്ധനായിരിക്കാം. ദൈവത്തിലുള്ള വിശ്വാസം അറിവില്ലായ്മയും അന്ധവിശ്വാസവും ശഠതയും കാപട്യവും ഉറച്ചു നിൽക്കുന്ന ഒരു സംസ്കാരത്തിൽ നിന്നോ വീട്ടിൽ നിന്നോ ശാസ്ത്രത്തിലേക്ക് വരുമ്പോളാണ് പ്രത്യേകിച്ചും ഇത് സംഭവിക്കുന്നത്. അപ്പോൾ, പ്രാകൃത വിശ്വാസത്തിന്റെ വിഗ്രഹങ്ങളെ തകർക്കാൻ വൈകാരികവും ബൗദ്ധികവുമായ ചില ഉൾപ്രേരണകളുണ്ടാവും. എന്നിരുന്നാലും, ശാസ്ത്രജ്ഞരുടെ പക്വതയുടെ ഒരു അടയാളം എന്നു പറയുന്നത്, മറ്റേതൊരു മതത്തെയും പോലെ, ശാസ്ത്രവും (തെളിവുകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ പരിഗണിക്കാതെ തങ്ങൾ മാത്രമാണു ശരി എന്നു ചിന്തിക്കുന്ന) ഡോഗ്മാറ്റിസത്തിനു കീഴ്പെട്ടേക്കാമെന്ന അവരുടെ അവബോധമാണ്. ”

പെക്ക് തുടരുന്നു:
“Another major reason that scientists are prone to throw out the baby with the bath water is that they do not see the baby. Many scientists simply do not look at the evidence of the reality of God. They suffer from a kind of tunnel vision, a psychologically self-imposed set of blinders which prevents them from turning their attention to the realm of the spirit.”

“ശാസ്ത്രജ്ഞർ കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കാനുള്ള മറ്റൊരു പ്രധാന കാരണം അവർ കുട്ടിയെ കാണുന്നില്ല എന്നതാണ്. പല ശാസ്ത്രജ്ഞരും ദൈവത്തിന്റെ യാഥാർത്ഥ്യത്തിന്റെ തെളിവുകളിലേക്ക് നോക്കുന്നേയില്ല. ദൃഷ്ടിപഥത്തിലെ വസ്തുക്കൾ പോലും കാണാനാവാത്ത ഒരുതരം തുരങ്ക ദൃഷ്ടി അവർ അനുഭവിക്കുന്നു, മനഃശാസ്ത്രപരമായി സ്വയം അടിച്ചേൽപ്പിച്ച ഒരു കൂട്ടം ഇരുട്ടുമറകൾ, അത് ആത്മാവിന്റെ മണ്ഡലത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിൽ നിന്ന് അവരെ തടയുന്നു.”

ചിലയാളുകൾക്ക് ഉണ്ടായിട്ടുള്ള ദൈവം എന്ന സങ്കൽപ്പത്തോടുള്ള വിമുഖതയുടെ ഫലമായാണ് ഈ “സ്വയം അടിച്ചേൽപ്പിക്കുന്ന അന്ധത” രൂപപ്പെടുന്നത്. ഡാർവീനിയൻ പരിണാമവാദത്തിന്റെ വ്യാഖ്യാനങ്ങളും ചരിത്രത്തിന്റെ മാർക്സിയൻ വ്യാഖ്യാനവും റിനയിസൻസും ചേർന്നു സൃഷ്ടിച്ചിരുന്ന ഉപബോധമാണതിനു കാരണം. മതനിരാസവും ശാസ്ത്രവും സ്വതന്ത്രചിന്തയും വളർത്തലാണ് യഥാർഥ നവോത്ഥാനം എന്ന ചിന്തയായിരുന്നു യൂറോപ്പിൽ പൊതുവെ ശക്തിപ്പെട്ടത്. തങ്ങളുടെ സാംസ്കാരിക ജീവിത പരിസരവും ശാസ്ത്രത്തോടുള്ള ആഭിമുഖ്യവും ആ രീതിയിൽ വളർത്താൻ അവർ നന്നായി ശ്രദ്ധിച്ചു.

ശാസ്ത്രം നാസ്തികമാണ് എന്ന ചിന്തയ്ക്കു ഇത്രമേൽ ആക്കം കൂട്ടിയത് ക്രിസ്തുമതത്തിനു ശാസ്ത്രത്തോടുണ്ടായിരുന്ന വിപ്രതിപത്തിയാണ്. പോപ്പും സഭയും പലതരത്തിലുള്ള ക്രിസ്ത്യൻ ഡോഗ്മകളും യുക്തിചിന്തക്കു വിലങ്ങുവെച്ചു. ന്യായയുക്തമായ സന്ദേഹങ്ങളെ പോലും വെച്ചു പൊറുപ്പിച്ചില്ല. വസ്തുനിഷ്ഠമായ ബോധ്യങ്ങളെ പാഷണ്ഡതയുടെ ചാപ്പ കുത്തി. അത് ഉന്നയിച്ചവര്‍ക്കെതിരെ ‘ഇടയലേഖനങ്ങള്‍’ പ്രസിദ്ധീകരിച്ചു. ഇൻക്വിസിഷൻ കോടതികൾ സജീവമായി. യുക്തിചിന്തക്കു വേണ്ടി നിലകൊണ്ടവരെ തൂക്കിക്കൊന്നും കരിച്ചുകൊന്നും ക്രൈസ്തവ യൂറോപ്പ് മതനിരാസത്തിന്റെ കമ്പോളമൂല്യം വര്‍ധിപ്പിച്ചു. ബൈബിൾ പരിഭാഷ തയ്യാറാക്കിയവർക്കു പോലും ഇതായിരുന്നു ഗതി. ഫലത്തില്‍ മതം പഴഞ്ചനും മതനിരാസം പുതുമയുമായി. മതം അറിവന്വേഷണങ്ങളുടെ പ്രതിപക്ഷത്തേക്കു മാറിയതോടെ ശാസ്ത്രം വേറെയൊരു മതമായി മാറി. 

ശാസ്ത്രത്തിനു റിലീജ്യോസിറ്റി കൈവരുമെന്നു സ്കോട്ട് പെക്ക് മാത്രമല്ല പറയുന്നത്. പ്രസിദ്ധ സൈക്കോളജിസ്റ്റ് ചാൾസ് ടാർട്ട് ഈ പുതിയ മതവിശ്വാസ വ്യവസ്ഥയെ “സയന്റിസം” എന്ന് തന്റെ The End of Materialism – ഭൗതികവാദത്തിന്റെ അന്ത്യം എന്ന പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്:

“…but science is practiced by human beings, beings who, like the rest of us, are fallible, so [I present] ways of not knowing, ways in which essential science ossifies into scientism, a rigid belief system, and which genuine skepticism, an honest search for better truths, turns into pseudoskepticism, or debunking. As I’ve observed it in my career, and I think psychologist Abraham Maslow would have agreed, science can be practiced in a way that makes it an open-ended, personal-growth system for the practitioner or one of the most effective and prestigious neurotic defense mechanisms available.”

“… എന്നാൽ ശാസ്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യരാണ്, നമ്മിൽ മറ്റുള്ളവരെപ്പോലെ തന്നെ തെറ്റു പറ്റാവുന്ന മനുഷ്യരാണവരും, അതിനാൽ – ഞാൻ പറയട്ടെ – അറിവില്ലായ്മയുടെ വഴികളാണ്, അതായത് അത്യന്താപേക്ഷിതമായ ശാസ്ത്രം (science) ഒരു പരുക്കൻ വിശ്വാസ സമ്പ്രദായമായ അതിശാസ്ത്രവാദത്തിൽ (scientism) ശില പോലെ ഉറക്കുകയും കൂടുതൽ മികച്ച സത്യങ്ങൾ‌ക്കായുള്ള സത്യസന്ധ അന്വേഷണമായ ‘ശരിയായ സ്കെപ്റ്റിസിസം’ / നിശ്ചയമില്ലായ്മ വ്യാജസ്കെപ്റ്റിസിസമായി അല്ലെങ്കിൽ‌ ഡീബങ്കിംഗായി മാറുകയും ചെയ്യുന്നതിന്റെ മാർഗങ്ങളാണ് അവർ പിന്തുടരുന്നത്. എന്റെ കരിയറിൽ ഞാൻ നിരീക്ഷിച്ചിട്ടുള്ള പോലെ, മനഃശാസ്ത്രജ്ഞനായ അബ്രഹാം മാസ്‌ലോ അതു സമ്മതിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഞാൻ കരുതുന്നു, ശാസ്ത്രത്തെ മുൻവിധികളില്ലാത്ത, പ്രയോഗിക്കുന്നയാൾക്കു വ്യക്തിഗത വളർച്ചക്കുള്ള ഒരു സമ്പ്രദായമായോ, അല്ലെങ്കിൽ ലഭ്യമായിട്ടുള്ളതിൽ അല്ലെങ്കിൽ ഏറ്റവും ഫലപ്രദവും അഭിമാനകരവുമായ ഒരു ന്യൂറോട്ടിക് പ്രതിരോധ സംവിധാനമായോ ഉപയോഗിക്കാവുന്നതാണ്.”

പലരും ശാസ്ത്രത്തെ “അഭിമാനകരമായ ന്യൂറോട്ടിക് പ്രതിരോധ സംവിധാനം” ആയി ഉപയോഗിച്ചതിനുള്ള ഉദാഹരണങ്ങൾ ധാരാളമുണ്ട്. “ഡയറക്റ്റഡ് പാൻസ്‌പെർമിയ” തന്നെയാണ് അവയിൽ ഏറ്റവും ശ്രദ്ധേയമായത്: കഴിഞ്ഞ ദശകങ്ങളിൽ മോളിക്യൂലാർ ബയോളജിയിലുണ്ടായ പുരോഗതി കൊണ്ട്, സ്വയം പകർപ്പെടുക്കുന്ന, ജീവന്റെ ഏറ്റവും ലളിത രൂപമായ കോശത്തെ അജൈവ പദാർഥങ്ങളിൽ നിന്നു വേർതിരിക്കുന്ന അതിസങ്കീർണ്ണമായ വ്യത്യാസങ്ങൾ ശാസ്ത്ര ലോകത്തിന് കൂടുതൽ വ്യക്തമായിട്ടുണ്ടല്ലോ. അത് ബുദ്ധിശൂന്യവും ക്രമരഹിതവുമായ പ്രക്രിയകൾ (unitelligent random processes) കൊണ്ട് ഉത്ഭവിച്ചതാണ് എന്ന വിശദീകരണം കൊണ്ടു പഴുതടക്കാൻ പറ്റാത്ത വിധം വളരെ സങ്കീർണമാണ്. അതിനാലാണ് നിരീശ്വരവാദി ജീവശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിന് തന്റെ Life Itself ൽ സമ്മതിക്കേണ്ടി വരുന്നത്: “ഈ അവസരത്തിൽ ജീവന്റെ ഉത്ഭവം മിക്കവാറും ഒരു അത്ഭുതമായി അനുഭവപ്പെടുന്നു, അങ്ങനെ സംഭവിക്കാൻ പല അവസ്ഥകളും നിറവറേണ്ടതായിട്ടുണ്ട് എന്നു മാത്രമായിരിക്കും ഇപ്പോൾ നമുക്ക് ലഭ്യമായ എല്ലാ അറിവുകളുമുള്ള ഒരു സത്യസന്ധനായ മനുഷ്യനു ഏതെങ്കിലും അർഥത്തിൽ പറയാനാവുക.”

ഭൗതിക ശാസ്ത്രഞ്ജനായ പോൾ ഡേവീസ് തന്റെ The Fifth Miracle ലും ഇക്കാര്യം പറയുന്നുണ്ട്: “ജീവന്റെ ഉത്ഭവം ഒരു നിഗൂഢതയാണെന്ന് പരസ്യമായി പറയുന്നതിൽ പല അന്വേഷകരും അസ്വസ്ഥരാണ്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തങ്ങൾ ചിന്താകുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്നു അവർ സ്വതന്ത്രമായി സമ്മതിക്കുന്നുണ്ടെങ്കിലും.”

പേരു കേട്ട നിരീശ്വരവാദിയും അമേരിക്കൻ സൈദ്ധാന്തിക ജീവശാസ്ത്രജ്ഞനുമായ  സ്റ്റുവർട്ട് അലൻ കോഫ്മാൻ പറയുന്നു: “3.45 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവൻ എങ്ങനെ ആരംഭിച്ചുവെന്ന് അറിയാമെന്നു നിങ്ങളോട് ആരെങ്കിലും പറയുന്നെങ്കിൽ അയാൾ വിഡ്ഢിയാണ്, അല്ലെങ്കിൽ കള്ളൻ. ആർക്കും അതറിയില്ല”
(ഇവയുടെയെല്ലാം ഇംഗ്ലീഷ് മൂലം മുമ്പുദ്ധരിച്ചിട്ടുണ്ട്).

അതുപോലെ, ഭൗതികശാസ്ത്രജ്ഞനും വിവര സൈദ്ധാന്തികനുമായ ഹ്യൂബർട്ട് യോക്കി, Journal of Theoretical Biology ൽ എഴുതുന്നു: Since science does not have the faintest idea how life on earth originated….it would be honest to confess this to other scientists, to grantors, and to the public at large – “ഭൂമിയിൽ ജീവൻ എങ്ങനെ ഉത്ഭവിച്ചുവെന്ന് ശാസ്ത്രത്തിന് വളരെ മങ്ങിയ ധാരണ പോലും ഇല്ലാത്തതിനാൽ… .ഇതു മറ്റു ശാസ്ത്രജ്ഞരോടും സമ്മതി ദാതാക്കളോടും പൊതുജനങ്ങളോടും ഏറ്റുപറയുന്നത് സത്യസന്ധതയായിരിക്കും.”

ബുദ്ധിശൂന്യമായ ഭൗതിക പദാർഥങ്ങളിൽ നിന്നുള്ള ക്രമരഹിതമായ പ്രക്രിയകളുടെ (random processes) ഫലമായാണ് ഭൂമിയിൽ ജീവന്റെ ലളിത മാതൃകകൾ ഉണ്ടായതെന്നു എത്ര ഉറപ്പോടെയും ആത്മ വിശ്വാസത്തോടെയുമാണ് നമ്മുടെ അധ്യാപകർ സ്കൂളിൽ പഠിപ്പിച്ചിരുന്നതെന്നു ആലോചിക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. “പ്രൈമോർഡിയൽ സൂപ്പ് തിയറി” അല്ലെങ്കിൽ “പ്രീബയോട്ടിക് സൂപ്പ് തിയറി” എല്ലാം ഇപ്പോൾ ‘വെള്ളത്തിലായി’. എന്നാൽ, ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനോദ്യമങ്ങൾ എന്ന നിലക്ക് നമുക്കു അവരോട് വലിയ ബഹുമാനമുണ്ട്. വിചിത്രമായി തോന്നുന്നത് ക്രിക്കിനെപ്പോലെയുള്ള നിരീശ്വരവാദി ശാസ്ത്രജ്ഞർ ഈ സങ്കീർണ്ണതയ്ക്കുള്ള ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് എങ്ങനെയാണ് എന്ന കാര്യമാണ്. ക്രിക്കും ഡോക്കിൻസും ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ലെസ്ലി ഓർഗലുമൊക്കെയാണ്  “ഡയറക്റ്റഡ് പാൻസ്‌പെർമിയ” എന്ന ആശയം പ്രചരിപ്പിച്ചത്!

മോളിക്യുലർ ബയോളജിസ്റ്റ് മൈക്കൽ ഡെന്റൺ തന്റെ Evolution: A Theory in Crisis എന്ന പുസ്തകത്തിലെഴുതി: Nothing illustrates more clearly just how intractable a problem the origin of life has become than the fact that world authorities can seriously toy with the idea of panspermia – “പാൻസ്‌പെർമിയ എന്ന ആശയം കൊണ്ട് ലോക അധികാരികൾക്ക് ഗൗരവപൂർവം
തമാശകളിക്കാൻ കഴിയുന്നു. ഈ കാര്യത്തേക്കാൾ ജീവന്റെ ഉത്ഭവം എന്ന പ്രശ്നം എത്രമാത്രം സങ്കീർണ്ണമായി തീർന്നിട്ടുണ്ടെന്നു  വ്യക്തമായി കാണിക്കുന്ന വേറെയൊന്നുമില്ല.

ഡെന്റൺ മുകളിൽ സൂചിപ്പിക്കുന്നത് പോലെ, ഡയറക്റ്റഡ് പാൻസ്‌പെർമിയ അവതരിപ്പിക്കുന്നതിലൂടെ, ക്രിക്ക്, ഡോക്കിൻസ് തുടങ്ങിയവർ തങ്ങളെത്തന്നെ കൂടുതൽ നാണം കെടുത്തുകയാണ് ചെയ്തത്. തെളിവുകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ പരിഗണിക്കാതെ തങ്ങൾ മാത്രമാണു ശരി എന്നു ചിന്തിക്കുന്ന ഡോഗ്മാറ്റിസത്തിനു ശാസ്ത്രവും വഴിമാറാവുന്നതേയുള്ളൂവെന്ന് പെക്ക് നിരീക്ഷിച്ചത് എത്ര ശരിയാണ്. ഡയറക്റ്റഡ് പാൻസ്‌പെർമിയ എന്ന ആശയം നിരീശ്വര വിശ്വാസം വെറുമൊരു ഡോഗ്മ ആണെന്നു നഗ്നമായി കാണിക്കുന്നു. ഒരു പക്ഷെ, അന്യഗ്രഹജീവികളാണ് ആദ്യത്തെ ജീവജാലങ്ങളെ ഭൂമിയിലേക്ക് കൊണ്ടുവന്നതെന്ന് തെളിയിക്കാൻ സാധിച്ചാൽ പോലും ബുദ്ധിശൂന്യവും ക്രമരഹിതവുമായ ഭൗതിക പ്രക്രിയകളിൽ നിന്ന് ആദ്യത്തെ ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നതിന് ഒരു കാലത്തും സംതൃപ്തമായ ഉത്തരം നൽകാൻ കഴിയില്ല.

ചില നിരീശ്വരവാദി ബയോളജിസ്റ്റുകൾക്കു കിട്ടുന്ന വീരാരാധന കൊണ്ടു മാത്രം സയന്റിസവും ഒരു മതവിശ്വാസ സമ്പ്രദായം തന്നെയല്ലേ എന്ന ചോദ്യം ഒഴിവാക്കാൻ സാധിക്കില്ല. most scientists tend to understand little more about science than fish about hydrodynamics – ജലത്തിന്റെ ഗതിവിജ്ഞാനത്തെ പറ്റി മത്സ്യങ്ങൾക്കുള്ള ധാരണയേക്കാൾ താഴെയാണ് സയൻസിനെ കുറിച്ച് സയന്റിസ്റ്റുകൾ മനസ്സിലാക്കുന്നത് എന്ന പ്രശസ്ത ഹംഗേറിയൻ ശാസത്ര തത്വചിന്തകൻ ഇംറെ ലാകടോസിന്റെ വാക്കുകളിൽ എല്ലാം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *