ദൈവാസ്തിക്യവും ശാസ്ത്രവും : 10 നാസ്തികത: യുക്തിയും ശാസ്ത്രവും പടിയിറങ്ങുന്നു

ദൈവശാസ്ത്രത്തെ പ്രത്യയ ശാസ്ത്രപരമായി എതിർക്കുന്ന / എതിർത്തിരുന്ന മുൻ‌നിരയിലുള്ള പല ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഇതുവരെ നാം പറഞ്ഞ വസ്തുതകൾ അമ്പരപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നടേ സൂചിപ്പിച്ചിരുന്നതു പോലെ, ജീവന്റെ ഉത്ഭവം എന്ന പ്രശ്നത്തിലേക്ക് അൽഗോരിത്മിക് ഇൻഫർമേഷൻ തിയറി പ്രയോഗിക്കുന്നതിനെ കുറിച്ചുള്ള ഗ്രന്ഥത്തിന്റെ രചയിതാവായ ഡോ. ഹുബർട്ട് പി. യോക്കി തീർച്ചയായും ദൈവശാസ്ത്രത്തെ അംഗീകരിക്കുന്ന ആളല്ല. മാൻഹട്ടൻ പ്രോജക്റ്റിൽ പ്രവർത്തിച്ചിരുന്ന ഒരു ഭൗതികശാസ്ത്രജ്ഞനും വിവര സൈദ്ധാന്തികനുമാണ് അദ്ദേഹം. തന്റെ Information Theory, Evolution and the Origin of Life എന്ന പുസ്തകം നാം നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്. അതിലദ്ദേഹം “the origin of life is unsolvable as a scientific problem.” “ജീവന്റെ ഉത്ഭവം ഒരു ശാസ്ത്രീയ പ്രശ്നം എന്ന നിലയിൽ പരിഹരിക്കാനാവില്ല” എന്ന് പ്രസ്താവിക്കുന്നുണ്ട്. “ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല” എന്നല്ല, “പരിഹരിക്കാനാവില്ല” എന്നാണ് യോക്കി പറയുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ദൈവവിശ്വാസത്തെ അംഗീകരിക്കാത്ത മറ്റൊരാളാണ് നോബൽ സമ്മാന ജേതാവായ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റ് ജോർജ്ജ് വാൾഡ്.  ക്വാണ്ടം ബയോളജി സിമ്പോസിയത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:

“It has occurred to me lately—I must confess with some shock at first to my scientific sensibilities—that both questions [the origin of mind and the origin of life from nonliving matter] might be brought into some degree of congruence. This is with the assumption that mind, rather than emerging as a late outgrowth in the evolution of life, has existed always as the matrix, the source and condition of physical reality—the stuff of which physical reality is composed is mind-stuff. It is mind that has composed a physical universe that breeds life and so eventually evolves creatures that know and create: science-, art-, and technology-making animals.”

“ഈയിടെയായി എന്റെ ശ്രദ്ധയിൽ വന്നിട്ടുള്ളത് – എന്റെ ശാസ്ത്രീയ സംവേദന ക്ഷമതകൾക്ക് തുടക്കത്തിലുണ്ടായ ഞെട്ടൽ തീർച്ചയായും ഞാൻ അംഗീകരിക്കുകയാണ് – രണ്ട് ചർച്ചാ വിഷയങ്ങളും [മനസ്സിന്റെ ഉത്ഭവവും നിർജീവ വസ്തുക്കളിൽ നിന്നുള്ള ജീവന്റെ ഉത്ഭവവും] ഒരു പരിധി വരെ പരസ്പരം പൊരുത്തപ്പെടുന്നതാണ് എന്നാണ്. ജീവ പരിണാമത്തിനിടയിൽ പിന്നീട് അധികമായി ഉടലെടുത്തതാണ് എന്നതിനു പകരം ഭൗതിക യാഥാർത്ഥ്യത്തിന്റെ പ്രഭവകേന്ദ്രവും ഉറവിടവും ഉപാധിയുമായി എല്ലായ്പ്പോഴും മനസ് നിലനിന്നിരുന്നു എന്ന അനുമാനത്തിലാണ് ഇത് പറയുന്നത് – ഭൗതിക യാഥാർഥ്യം ഉണ്ടാക്കപ്പെട്ടതിന്റെയും മൂലം മനസാണ്. ജീവനു ജന്മം നൽകിയ ഈ ഭൗതിക പ്രപഞ്ചത്തെ ഉണ്ടാക്കിയത് മനസാണ്. തത്ഫലമായി, മനസ്സിലാക്കാനും സൃഷ്ടിക്കാനും പറ്റുന്ന ജന്തുക്കൾ പരിണമിച്ചുണ്ടായി: അഥവാ, ശാസ്ത്രവും കലയും സാങ്കേതികവിദ്യയുമൊക്കെ ഉണ്ടാക്കുന്ന ജീവികൾ.” (George Wald, 1984, “Life and Mind in the Universe”, International Journal of Quantum Chemistry: Quantum Biology Symposium 11, 1984,1-15).

ലോകത്തിലെ പ്രമുഖ രാസ പരിണാമ സൈദ്ധാന്തികരിൽ ഒരാളായിരുന്നു ഡീൻ കെനിയൻ. ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള രാസ പരിണാമ വിശദീകരണങ്ങൾ തരുന്ന, ബെസ്റ്റ് സെല്ലറായ Biochemical Predestination എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. എന്നാൽ, തെളിവുകളുടെ കൂമ്പാരങ്ങൾ അംഗീകരിക്കാനും തന്റെ നാച്യുറലിസ്റ്റ് കാഴ്ചപ്പാടുകൾ ഉപേക്ഷിക്കാനും
നിർബന്ധിതനായ കെനിയൻ ദൈവം ഉണ്ടെന്ന വിശ്വാസം സ്വീകരിക്കുകയാണ് ചെയ്തത്.

അതിലേറെ പ്രാധാന്യത്തോടെ പറയാവുന്ന മറ്റൊരാളുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി തത്ത്വചിന്തകനായ ആന്റണി ഫ്ലീവ്. നീണ്ട അമ്പതു വർഷം നിരീശ്വരവാദത്തിന്റെ ബൗദ്ധിക മുന്നണിപ്പോരാളി (intellectual frontman) ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് അദ്ദേഹം എഴുതിയ Theology and Falsification ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ട ദാർശനിക ലഘുലേഖ. ബയോളജി കണ്ടെത്തിയ വസ്‌തുതകൾ ഫ്ലീവിനെ മറിച്ചു ചിന്തിക്കാൻ നിർബന്ധിതനാക്കി. 2004ൽ അദ്ദേഹം നാസ്തികതയുടെ പടി വിട്ടിറങ്ങി. കൂടുതലറിയാൻ, There Is A God: How the World’s Most Notorious Atheist Changed His Mind – ദൈവമുണ്ട്: ലോകത്തെ ഏറ്റവും കുപ്രസിദ്ധ നിരീശ്വരവാദി തന്റെ മനസ്സ് മാറ്റിയതെങ്ങനെ? എന്ന ഫ്ലീവിന്റെ തന്നെ പുസ്തകം പുസ്തകം വായിക്കുക.

ദൈവ വിശ്വാസത്തിന്റെ അയുക്തികതയെ (?) ശാസ്ത്രീയപരമായ വീക്ഷണകോണില്‍ വിമര്‍ശിച്ചു രംഗത്തു വന്നവർ ഒടുവിൽ മതത്തിലേക്കും ദൈവത്തിലേക്കും തിരിച്ചുവരുന്നതാണു നാം കാണുന്നത്! എന്തുകൊണ്ടാണ് ചിന്തിക്കുന്നവർക്ക് നാസ്തികതയോട് വിപ്രതിപത്തി തോന്നുന്നത് എന്നു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മുമ്പ് നാസ്തികനായിരുന്ന ഡോ. ലോറൻസ് ബ്രൗൺ സംസാരിക്കുന്നതു കേൾക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക: https://youtu.be/73snGq64CyU

ഇതുവരെ ഉദ്ധരിച്ച വസ്തുതകളുടെ വെളിച്ചത്തിൽ, ഡയറക്റ്റട് പാൻസ്പെർമിയ എന്ന സങ്കല്പം അഥവാ,
“സ്പെയ്സിലെവിടെയോ ഉള്ള അന്യഗ്രഹ ജീവികളാണ്” ഭൂമിയിലേക്ക് ജീവൻ കൊണ്ടുവന്നത് എന്നത് ഒരു മികച്ച ജീവോത്പത്തി സിദ്ധാന്തമായി നിങ്ങൾക്കു തോന്നുന്നില്ലെങ്കിൽ ഭയപ്പെടേണ്ട, നിരീശ്വരവാദികൾക്കു തന്നെ വേറെയും വിശദീകരണങ്ങളുണ്ട്! പ്രമുഖ നിരീശ്വരവാദിയായ മറ്റൊരു ജീവശാസ്ത്രജ്ഞൻ മൈക്കൽ റൂസ് അനുമാനിക്കുന്നത് ജീവന്റെ ഉത്ഭവം മാന്ത്രിക ശക്തിയുള്ള സ്ഫടികക്കല്ലുകളുടെ പുറത്തു കയറി സവാരി നടത്തിയായിരിക്കും ഭൂമിയിലേക്കു വന്നിട്ടുണ്ടാവുക എന്നാണ്! (ഈ വീഡിയോ കാണുക: https://youtu.be/TUetJ3umTWU ).

നിങ്ങൾക്കിതെല്ലാം വിചിത്രമായി തോന്നുന്നുണ്ടോ? ഇപ്പോഴും തൃപ്തനല്ലേ? എന്നാൽ വേറെ ഉത്തരം ഉണ്ട്! ചില നിരീശ്വരവാദികൾ നേരത്തേ അവതരിപ്പിക്കപ്പെട്ട directed panspermia യിൽ നിന്ന് “directed” ഒഴിവാക്കി വെറും “പാൻസ്‌പെർമിയ” മാത്രം അവതരിപ്പിച്ചിട്ടുണ്ട്. നിരീശ്വരവാദികളായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗണിതശാസ്ത്രജ്ഞനും ജ്യോതി ശാസ്ത്രജ്ഞനുമായ ഫ്രെഡ് ഹോയ്ൽ, ബക്കിംഗ്ഹാം സെന്റർ ഫോർ ആസ്ട്രോബയോളജി ഡയറക്ടർ ചന്ദ്ര വിക്രമസിംഗെ എന്നിവരും ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു. അന്യഗ്രഹ ജീവികളുടെ സഹായമില്ലാതെ ബഹിരാകാശത്ത് നിന്ന് ജീവൻ ഭൂമിയിലേക്ക് വന്നുവെന്നാണ് ഈ ഹൈപ്പോതിസീസിൽ പറയുന്നത്.

ബഹിരാകാശത്ത് ഉടലെടുക്കുന്ന ജീവകണങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശത്തെ ധൂളീപടലങ്ങൾ, ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ എന്നിവയിലൂടെ കാലങ്ങളോളം യാത്ര ചെയ്ത് മറ്റു ഗ്രഹങ്ങളിലോ പ്രദേശങ്ങളിലോ എത്തിച്ചേരുന്നു, അനുകൂല പരിതഃസ്ഥിതികളെ  പ്രയോജനപ്പെടുത്തി അവ കൂടുതൽ പരിണാമത്തിനു വിധേയമായി സങ്കീർണ്ണ ഘടനയിലുള്ള ജീവരൂപങ്ങളായി മാറുന്നു എന്നാണ് പാൻസ്പെർമിയ പറയുന്നത്. ഭൗമേതര ജീവികളെ കണ്ടെത്തുന്നതിൽ പാൻസ്പെർമിയ ചിന്തയായിരിക്കും മനുഷ്യനെ സഹായിക്കാനെത്തുക എന്നു പ്രസ്താവിച്ച പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് പറയുന്നു: Life could spread from planet to planet or from stellar system to stellar system, carried on meteors – “ഗ്രഹങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്കും നക്ഷത്ര വ്യവസ്ഥകളിൽ നിന്നും നക്ഷത്ര വ്യവസ്ഥകളിലേക്കും ജീവൻ പടർന്നെത്തിയത് ഉൽക്കകളിലൂടെയാവും” (Weaver, Rheyanne (April 7, 2009) “Ruminations on other worlds”. statepress.com).

ബഹിരാകാശത്താവട്ടെ, ജീവൻ എങ്ങനെ ഉടലെടുത്തു എന്നു വിശദീകരിക്കുവാൻ പാൻസ്പെർമിയക്കും കഴിയുന്നില്ല. പ്രത്യുത, ‘ആവിർഭവിച്ചു കഴിഞ്ഞ ജീവൻ’ എങ്ങനെയാണ് വിതരണം ചെയ്യപ്പെട്ടത് എന്നു മാത്രമാണിത് പറയുന്നത്.

നിർജ്ജീവമായ ദ്രവൃത്തിൽ നിന്ന് എങ്ങനെ ജീവൻ സ്വയം ഉത്ഭവിച്ചു എന്നു വസ്തുനിഷ്ഠമായി വ്യക്തമാക്കുവാൻ ഒരു കാലത്തും സാധിക്കുകയില്ലെന്നാണ് എല്ലാ ശാസ്ത്ര പഠനങ്ങളും നിരന്തരം സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. നാസ്തികത വെറും നിരർഥകമാണ്. സൃഷ്ടിവാദത്തെ ഖണ്ഡിക്കുവാൻ അതു മുന്നോട്ടു വെച്ച ‘അന്ധവിശ്വാസങ്ങൾ’ മതിയാവുകയില്ല. യുക്തിയുടെ ബ്രാൻഡ് അംബാസിഡർമാരായി സ്വയം ചമഞ്ഞു നടന്നിരുന്നവർ ഇപ്പോൾ അന്യഗ്രഹ ജീവികൾ ഭൂമിയിൽ ജീവനുണ്ടാക്കിയതും അവർ മാജിക് ക്രിസ്റ്റലിലേറി ഭൂമിയിലേക്കു പിഗ്ഗിബാക്ക് സവാരി നടത്തിയതും ശാസ്ത്രീയമായി തെളിയിക്കുവാൻ കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ് എന്നത് കൗതുകകരമാണ്.

(ഈ ലേഖന പരമ്പരയുടെ ആറാം ഖണ്ഡം മുതൽ ആരംഭിച്ച ‘ജീവന്റെ ഉത്ഭവവും ദൈവവിശ്വാസവും’ എന്ന ചർച്ച ഇവിടെ ഉപസംഹരിക്കുന്നു. അടുത്തത് : ദൈവ വിശ്വാസവും ഗോഡ് ഓഫ് ഗ്യാപ്സ് പരികല്പനയും).

✍🏻 Muhammad Sajeer Bukhari

Leave a Reply

Your email address will not be published. Required fields are marked *