ദൈവാസ്തിക്യവും ശാസ്ത്രവും: 11 ശാസ്ത്രത്തിനു ഉത്തരമില്ലാത്തതിന്റെ പേരല്ല ദൈവം

മലയാളത്തിൽ ചർച്ച ചെയ്തു കണ്ടിട്ടില്ലാത്ത ഒരു പരികല്പനയാണ് ഗോഡ് ഓഫ് ദി ഗ്യാപ്സ് എന്നത്. ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞരാണ് ഈ പദം പ്രയോഗിച്ചതും പ്രചരിപ്പിച്ചതും. ശാസ്ത്രീയ വിജ്ഞാനത്തിലെ വിടവുകൾ ദൈവാസ്തിക്യത്തിന്റെ തെളിവായി കണക്കാക്കുന്ന ഒരു തരം ദൈവശാസ്ത്ര വീക്ഷണകോണാണിത്. ഇതൊരു ബുദ്ധിശൂന്യമായ ഫാലസിയാണെന്നു നാസ്തികർ വിശദീകരിക്കാറുണ്ട്. എന്നാൽ, ഒരു സംഗതി ഉണ്ടെന്നതിനുള്ള തെളിവുകളുടെ അഭാവം അതു ഇല്ലെന്നും പറയാനും മതിയായ ആധാരമല്ലല്ലൊ. അതിനാൽ, ഈ വിഷയത്തിലുള്ള നാസ്തിക നിലപാടുകളും ബുദ്ധിശൂന്യം തന്നെ. 

ഗോഡ് ഓഫ് ദി ഗ്യാപ്സിനു ഇസ്‌ലാമിൽ ഒരു ഗ്യാപും ഇല്ല! കാരണം, ഇസ്‌ലാമിൽ ദൈവാസ്തിക്യം ഓരോരുത്തരുടെയും ബുദ്ധിയും യുക്തിയും പ്രയോഗിച്ചു തന്നെ ബോധ്യപ്പെടേണ്ടതാണ്. വിശദാംശങ്ങൾക്കാണ് പ്രമാണങ്ങളെ അവലംബിക്കുന്നത്. അതിനാൽ, അല്ലാഹുവിന്റെ ആസ്തിക്യം ശാസ്ത്രീയ തെളിവുകളെ അവലംബമാക്കിയാണ് എന്ന വിശദീകരണമാണ് ഈ അധ്യായം ഉന്നം വെക്കുന്നത്. ആനുഷംഗികമായി പ്രാമാണിക പാഠങ്ങളുടെ താരതമ്യ വായന പ്രസക്തമാണെങ്കിലും ഈ പഠന പരമ്പരയിൽ ഇതഃപര്യന്തം പാലിച്ചു പോന്ന പോലെ ശാസ്ത്രീയ തെളിവുകളെ മാത്രമാണ് ഇവിടെയും പ്രയോജനപ്പെടുത്തുന്നത്. നടേ പറഞ്ഞു പോയ ചില കാര്യങ്ങളും ഉദ്ധരണികളും സാഹചര്യേണ ആവർത്തിക്കേണ്ടി വരുന്നത് മാന്യരായ എന്റെ വായനക്കാർ ക്ഷമിക്കുമല്ലോ.

ദൈവം ഇല്ല എന്നു ശഠിച്ചു പറയുന്നവർ ജീവൻ എങ്ങനെ ഉടലെടുത്തു എന്നതിനു കൃത്യമായ ഒരു ഉത്തരം തരാനാവാതെ ‘കിടന്നേടത്തു തന്നെ കിടന്നുരുളുന്നത്’ നാം കണ്ടു. സത്യത്തിൽ, ശാസ്ത്രീയ വിജ്ഞാനത്തിലെ വിടവുകൾ നികത്താൻ പാടുപെടുന്നത് നിരീശ്വരവാദികൾ തന്നെയാണ്. ഡയറക്റ്റഡ് പാൻസ്പെർമിയ, പാൻസ്പെർമിയ മുതലായ ഊഹങ്ങളെല്ലാം അതിന്റെ സൃഷ്ടിയാണ്. ഇപ്പോൾ, ജീവശാസ്ത്ര പഠനങ്ങൾ പ്രകാരം ജീവൻ ഒരു ‘മനസ്’ സൃഷ്ടിച്ചതാണെന്ന നിഗമനത്തിലേക്ക് ഒഴിച്ചുകൂടാനാവാത്ത വിധം നിരീശ്വരവാദികൾ എത്തിനിൽക്കുകയാണ്. (ഇതേ കുറിച്ച് വിശദമായി വഴിയേ എഴുതാം, ഇൻഷാ അല്ലാഹ്). ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ നേതാവും നിലവിൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറുമായ പ്രശസ്ത ജനിതക ശാസ്ത്രജ്ഞൻ ഫ്രാൻസിസ് കോളിൻസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്:

There are good reasons to believe in God, including the existence of mathematical principles and order in creation. They are positive reasons, based on knowledge, rather than default assumptions based on a temporary lack of knowledge.

ദൈവം ഉണ്ടെന്നു വിശ്വസിക്കാൻ ഗണിതശാസ്ത്ര തത്വങ്ങളും സൃഷ്ടിയിലെ ക്രമീകരണവും ഉൾപ്പെടെ യുക്തമായ കാരണങ്ങളുണ്ട്. അറിവിന്റെ താൽക്കാലിക അഭാവങ്ങളുടെ പേരിലുണ്ടായ നേരത്തേ മൂടുറച്ച അനുമാനങ്ങളല്ല, അറിവിനെ അടിസ്ഥാനമാക്കിയുള്ള സംശയാതീതമായ കാരണങ്ങളാണ് അവ (cf: In Pursuit of Truth: A Journey Begins, Greg Grandchamp).

തീർച്ചയായും, കോളിൻസ് പറഞ്ഞതു പോലെ, പോസിറ്റീവായ ശാസ്ത്രീയ തെളിവുകളുടെ പിൻബലമുള്ള ബോധ്യമാണ് ദൈവാസ്തിക്യം. നാം നേരത്തേ പറഞ്ഞ ജനിതക കോഡ് തന്നെ നമ്പർ വൺ. പ്രതീകാത്മക പ്രാതിനിധ്യത്തിലൂടെയുള്ള ജീവന്റെ ഭാഷയ്ക്കും മനുഷ്യ ഭാഷയോട് വളരെ സാമ്യത പുലർത്തുന്ന വിധം അർഥം (meaning) ഉണ്ട്. ബുദ്ധിയും ബോധവുമുള്ള ഒരാളുടെ മനസ്സിൽ മാത്രം നിലനിൽക്കാൻ കഴിയുന്ന ഒന്നാണ് ‘അർഥം’.

നിരീശ്വരവാദത്തിനും ഒരു തത്ത്വചിന്തയുണ്ട്. മെറ്റീരിയിലിസം അഥവാ ഭൗതികവാദം. എല്ലാം, എന്നു വെച്ചാൽ നിലനിൽക്കുന്ന എല്ലാം ദ്രവ്യത്തിന്റെയും ഊർജ്ജത്തിന്റെയും വിവിധ ക്രമീകരണങ്ങളാണെന്നാണ് ഭൗതികാവാദം പറയുന്നത്. ഇപ്പറയുന്നത് ശരിയാണെങ്കിൽ, ജീവജാലങ്ങളെ, അവയുടെ ഭൗതിക, രാസ സ്വഭാവങ്ങൾ കൊണ്ട് പൂർണ്ണമായും ആവിഷ്കരിക്കാനാവണം. എന്നാൽ ഈ സ്വഭാവങ്ങളിലെവിടെയും അർഥം (meaning) എന്നറിയപ്പെടുന്ന ഒരു സ്വഭാവം നിങ്ങൾക്കു കാണാനാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പാറകൾ, ഇടിമിന്നൽ അല്ലെങ്കിൽ നിങ്ങൾ ഇരിക്കുന്ന കസേര തുടങ്ങിയ ഭൗതിക പദാർഥങ്ങൾക്കൊന്നും അർഥ കല്പന നടത്തുന്ന വിധം അന്തർഗതം ഇല്ല. ദ്രവ്യത്തിനും ഊർജ്ജത്തിനും ബുദ്ധിയും ബോധവുമില്ലാത്തതിനാൽ ഒരിക്കലും അതുണ്ടാവില്ലല്ലൊ. നമുക്കിതിൽ നിന്നു തന്നെ തുടങ്ങാം. 

ഡിഎൻഎയും മനുഷ്യഭാഷയും
ഇവ രണ്ടും സമാനമായ സവിശേഷതകൾ ഉള്ളവയാണ്. ഹ്യൂബർട്ട് യോക്കിയുടെ നേരത്തേ ഉദ്ധരിച്ചിട്ടുള്ള ചില വരികൾ ആവർത്തിക്കാം: “വിവരശേഖരം, പകർപ്പെഴുത്ത്, വിവർത്തനം, സാങ്കേതിക പദാവലി, അതിവാചകത്വം, പര്യായപദം, വിഷയക്കൈമാറ്റം, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ് എന്നിവയെല്ലാം ജീവശാസ്ത്രത്തിലെ ഏറ്റവും സാഹചര്യോചിതമായ പദങ്ങളാണ്. ഇൻഫർമേഷൻ തിയറിയിൽ നിന്നുള്ള അർത്ഥം തന്നെയാണ് ഇവ സ്വീകരിക്കുന്നത്. അല്ലാതെ ഇവയൊന്നും സമാനതയെ കുറിക്കുന്ന വാക്കുകളോ രൂപകങ്ങളോ സാദൃശ്യപ്രയോഗങ്ങളോ അല്ല” (Information Theory, Evolution and The Origin of Life,128-129, Kindle Edition).

പ്രതീകാത്മക പ്രാതിനിധ്യം (symbolic representation) ഉപയോഗിച്ച് ഭാഷ നിർമിക്കാൻ  ബുദ്ധിയുള്ള ഒരു ഏജന്റിനു മാത്രമേ സാധിക്കുകയുള്ളൂ എന്നും സ്ഥാപിച്ചതാണ്. കാരണം, പ്രതീകങ്ങളുടെ  അർഥകല്പന നടത്തുന്നത് ഏകപക്ഷീയമായ ഒരു മാനസിക തീരുമാനമാണ്. C-A-T എന്നീ അക്ഷരങ്ങൾ പൂച്ചയുടെ പ്രതീകാത്മക പ്രാതിനിധ്യമായി വർത്തിക്കുന്നതിനു കാരണം ഇംഗ്ലീഷ് ഭാഷ ഉണ്ടാക്കിയവർ ഏകപക്ഷീയമായി തീരുമാനിച്ചതു കൊണ്ടു മാത്രമാണെന്നു നാം ഉദാഹരിച്ചിട്ടുണ്ട്. ഈ മൂന്നു അക്ഷരങ്ങളും പൂച്ചയും തമ്മിൽ ആ പദം ഉണ്ടാക്കിയവരുടെ ‘മനസിൽ ഉണ്ടായിരുന്ന’ എന്തോ ഒരു ബന്ധം എന്നതിൽ കവിഞ്ഞ് ദ്രവ്യത്തിന്റെയോ ഊർജത്തിന്റെയോ സ്വഭാവമായ ഭൗതികമോ രാസപരമോ ആയ ഒരു ബന്ധവുമില്ല എന്നാണ് നാം പറഞ്ഞത്. ഇക്കാര്യത്തിൽ രണ്ടു പക്ഷമില്ല. ഒരു കൂട്ടം ചിഹ്നങ്ങൾ‌ക്ക് വ്യത്യസ്‌ത ഭാഷകളിൽ‌ തികച്ചും വ്യത്യസ്തമായ അർ‌ത്ഥങ്ങൾ‌ ഉണ്ടായിരിക്കാമെന്ന വസ്തുത ഇത്‌ കൂടുതൽ‌ വ്യക്തമാക്കുന്നു. യോക്കി തന്നെ ഇക്കാര്യം വിശദമായി വിവരിച്ചിട്ടുണ്ട്: 

The messages conveyed by sequences of symbols sent through a communication system generally have meaning (otherwise, why are we sending them?). It often is overlooked that the meaning of a sequence of letters, if any, is arbitrary. It is determined by the natural language and is not a property of the letters or their arrangement. For example, the English word “hell” means “bright” in German, “fern” means “far,” “gift” means “poison,” “bald” means “soon,” “boot” means “boat,” and “singe” means “sing.” In French “pain” means “bread,” “ballot” means a “bundle,” “coin” means a “corner or a wedge,” “chair” means “flesh,” “cent” means “hundred,” “son” means “his,” “tire” means a “pull,” and “ton” means “your.”

In French, the English word “main” means “hand,” “sale” means “dirty.” French-speaking visitors to English-speaking countries will be astonished at department stores having a “sale” and especially if it is the “main sale.” This confusion of meaning goes as far as sentences. For example, “0 singe fort” has no meaning in English, although each is an English word, yet in German it means “0 sing on,” and in French it means “0 strong monkey.”

ഒരു ആശയവിനിമയ സംവിധാനത്തിലൂടെ അയച്ച ചിഹ്നങ്ങളുടെ ശ്രേണികൾ കൊണ്ടുള്ള സന്ദേശങ്ങൾക്ക് സാധാരണഗതിയിൽ ഒരു അർത്ഥമുണ്ടാവും (അല്ലാത്തപക്ഷം, നമ്മളെന്തിനാണ് അതയയ്ക്കുന്നത്?). അക്ഷരങ്ങളുടെ ഒരു ശ്രേണിക്ക് എന്തെങ്കിലും അർത്ഥം ഉണ്ടെങ്കിൽ അത് ഏകപക്ഷീയമാണെന്ന കാര്യം (arbitrary) പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ഇത് സ്വാഭാവിക ഭാഷയിൽ നിർണ്ണയിക്കപ്പെടുന്നതാണ്, അല്ലാതെ അക്ഷരങ്ങളുടെയോ അവയുടെ ക്രമീകരണത്തിന്റെയോ ഭാഗമായുള്ളതല്ല. ഉദാഹരണത്തിന്, hell (നരകം) എന്ന ഇംഗ്ലീഷ് പദത്തിന്റെ അർത്ഥം ജർമൻ ഭാഷയിൽ “തെളിച്ചം” എന്നാണ്, fern (പുല്ല്) എന്നാൽ “ദൂരം”, gift (സമ്മാനം) എന്നാൽ “വിഷം”, bald (കഷണ്ടി) എന്നാൽ “ഉടൻ”, boot (പാദരക്ഷ) എന്നാൽ “ബോട്ട്”, singe (ചുടുക)
എന്നാൽ “പാടുക ”എന്നാണ്. ഫ്രഞ്ച് ഭാഷയിൽ, ഇംഗ്ലീഷിലെ pain (വേദന) എന്നാൽ “റൊട്ടി”, ballot (വോട്ടു ചെയ്യുക) എന്നാൽ “മാറാപ്പ്”, coin (നാണയം) എന്നാൽ “മൂല അല്ലെങ്കിൽ ചീള്”, chair (കസേര) എന്നാൽ “മാംസം”, cent (നൂറിലൊരുഭാഗം) എന്നാൽ “നൂറ്,” son (മകൻ) എന്നാൽ “അവന്റെ”, tire (ചക്രം) എന്നാൽ “വലിക്കൽ”, ton (വഴക്കം) എന്നാൽ “നിങ്ങളുടേത്” എന്നാണ് അർത്ഥമാക്കുന്നത്.

ഫ്രഞ്ച് ഭാഷയിൽ, main (പ്രധാനപ്പെട്ട) എന്ന ഇംഗ്ലീഷ് പദത്തിന്റെ അർത്ഥം “കൈ”, sale (വിൽപ്പന) എന്നാൽ “വൃത്തികെട്ടത്” എന്നുമാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് സന്ദർശനത്തിനു വരുന്ന ഫ്രഞ്ച് സംസാരിക്കുന്നവർ “sale” ഉള്ള പലചരക്കു കടകളിൽ ചെന്നാൽ അമ്പരക്കും, “main sale” ആണെങ്കിൽ പ്രത്യേകിച്ചും. അർത്ഥത്തിലുണ്ടാകുന്ന ഈ ആശയക്കുഴപ്പം വാക്യങ്ങളിലേക്കും പോകുന്നു. ഉദാഹരണത്തിന്, “0 singe fort” എന്നതിന് ഇംഗ്ലീഷിൽ പ്രത്യേകിച്ച് അർത്ഥമില്ല, ഓരോന്നും ഒരു ഇംഗ്ലീഷ് പദമാണെങ്കിലും. എന്നാൽ, ജർമ്മൻ ഭാഷയിൽ “0 പാടുക” എന്നും ഫ്രഞ്ച് ഭാഷയിൽ “0 ശക്തനായ കുരങ്ങ്” എന്നും അർത്ഥമുണ്ട് [Information Theory, Evolution and The Origin of Life  137-138].

ഈ അക്ഷരങ്ങൾക്കോ പദങ്ങൾക്കോ സ്വന്തമായി അർഥമുണ്ടാകുന്ന വല്ല ഭൗതികമോ രാസപരമോ ആയ സ്വഭാവങ്ങളുമുണ്ടായിരുന്നുവെങ്കിൽ ഇവിടെ ആശയക്കുഴപ്പത്തിനു വകയുണ്ടാകുമായിരുന്നില്ല. മറിച്ച്, ഇരു ഭാഷയിലും പ്രസ്തുത അർഥങ്ങൾക്ക് ഈ പ്രതീകങ്ങളെ നിശ്ചയിച്ചവരുടെ മാനസികമായ തീരുമാനം മാത്രമായിരുന്നുവത്. മനസ്, ധിഷണ, ചിന്ത എന്നൊക്കെ പരിചയപ്പെടുത്താറുള്ള അമൂർത്ത സ്വഭാവങ്ങളുടെ ഉത്പന്നമാണത്. തീർത്തും ബുദ്ധിശൂന്യവും (unintelligent) നിശ്ചേതനവുമായ ഒരു പദാർഥത്തിനു ഇവ്വിധം അർഥകല്പന നടത്താൻ സാധിക്കുന്ന മനസോ അന്തർഗതമോ ഉണ്ടെന്നു ബോധമുള്ളവർ അംഗീകരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *