നാടകം കളിക്കാമോ?

നാടകം കളിക്കുന്നതിൽ ഇസ്‌ലാമിനു വിരോധമുണ്ടോ ഇല്ലേ  എന്നതല്ല ഈ പോസ്റ്റിന്റെ ഉള്ളടക്കം. പക്ഷെ, മറ്റൊന്നു പറയാതിരിക്കാൻ വയ്യ, ഇത് കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ പാരമ്പര്യത്തോടുള്ള അനാദരവാണ്, സംശയമില്ല.

ഇസ്‌ലാം സഹസ്രാബ്ധങ്ങളായി വളർന്നു കൊണ്ടേയിരിക്കുന്നു. സ്വന്തമായ പ്രയത്നത്താൽ മനസിലാക്കി വന്നവരേക്കാൾ എത്രയോ മടങ്ങാണ് പൂർവസൂരികളുടെ ജീവിത മാതൃകകളിലൂടെയും പ്രബോധനത്തിലൂടെയും കേരളത്തിലടക്കം ഇസ്‌ലാമിലേക്കു വന്നവർ. എന്നാൽ, ഇതഃപര്യന്തമുള്ള ഇസ്‌ലാം പ്രബോധനത്തിന്റെ വഴിയിൽ ഒരിക്കൽ പോലും നാടകാവിഷ്കാരം നമ്മുടെ സമുദായത്തിന് സ്വീകാര്യമായിട്ടുണ്ടാവില്ല. മഹിതമായ മാതൃകകൾ കാണിച്ചു തന്ന ഒരൊറ്റ സൂരിയും ഇത് ശരിയാണെന്നു അംഗീകരിക്കണമെന്നില്ല, പൊരുത്തപ്പെടുകയില്ല. “അവർക്കൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ട് തിരിഞ്ഞിട്ടില്ല; ഇപ്പൊ ഇതൊക്കെ വേണം” എന്നാണു ചിന്തയെങ്കിൽ നിങ്ങളുടെ ഇസ്‌ലാം പ്രദർശിപ്പിക്കേണ്ട മാർക്കറ്റ് വേറെയാണ് എന്നു മാത്രം പറയുന്നു.

ഫിഖ്ഹിന്റെ ഇലാസ്തികതയിൽ ഊന്നി നിന്നു നാടകം പറ്റുമോ ഇല്ലേ എന്നാലോചിച്ചാൽ  തത്വത്തിൽ  വിയോജിക്കേണ്ടതില്ല. അതേ സമയം, കേരളീയ ദഅവാ പരിസരത്ത് ഈ തരത്തിലുള്ള അഭിനയ സ്കിറ്റുകളുടെ ആവശ്യം ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ മുൻഗാമികളുടെ ശീലങ്ങൾക്ക് അതെതിരാണ്.

മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്കാർ തെരുവു നാടകം കളിച്ചപ്പോഴും ‘കിതാബി’നെതിരെ മറ്റൊരു പ്രതി നാടകം വന്നപ്പോഴും നമ്മുടെ  “മുസ്ലിം പൊതുബോധം” അതുൾക്കൊണ്ടിട്ടില്ല. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ നാം കാണിച്ച അർഥഗർഭമായ മൗനം നിങ്ങൾ ശ്രദ്ധിച്ചോ? നമ്മളത് വിവാദമാക്കാൻ പോയില്ല. ആക്കിയവരെ പേഴ്സണലായി വിളിച്ച് മസ്അലകൾ പറഞ്ഞു കൊടുത്ത് പോസ്റ്റുകൾ പിൻവലിപ്പിച്ചു. അതുമിതും വേറേ വേറെ.

അറബു രാജ്യങ്ങളിലെ പണ്ഡിതൻമാരുടെ വിശേഷിച്ച് യമനീ സാദാത്തുക്കളുടെ വീടുകളിൽ ചെന്നാൽ ജീവിച്ചിരിക്കുന്നവരും മുൻഗാമികളുമായവരുടെ പോർട്രയ്റ്റ് ഫോട്ടോകളും കാരിക്കേച്ചറുകളും ധാരാളമായി ഫ്രെയിം ചെയ്തു പ്രദർശിപ്പിച്ചതു  കാണാം, അതു സ്വാലിഹീങ്ങളുടേതാകുമ്പോൾ അനുവദനീയമാണ് എന്നു ശൈഖുനാ ഉമർ ഹഫീള് തങ്ങളുടെ ഫത്വയുമുണ്ട്. എന്നു കരുതി കേരളീയ പരിസരത്ത് നിങ്ങൾക്കതു ചെയ്യാമോ?  വലിയ മഹാൻമാരുടെ ഫോട്ടോ കട്ടൗട്ടുകൾ നമ്മുടെ മജ്ലിസുകളിലും ഹാളുകളിലും ഓഫീസുകളിലും ഫ്രെയിം ചെയ്തു തൂക്കുമോ? നമ്മുടെ “ഇസ്‌ലാം പൊതുബോധം” അതുൾക്കൊള്ളുമോ?

രണ്ടു ദിവസം മുമ്പ് FB യിൽ ഉമർ ഹഫീള് തങ്ങളെ ഒരു വീഡിയോ കണ്ടു – ഏതോ ഒരു നാട്ടിൽ ചെന്നപ്പോൾ പുല്ലാങ്കുഴൽ പാടി സ്വീകരിക്കുന്നത്. നമ്മുടെ പൊതുബോധം അതിനെതിരായി ചിന്തിക്കുന്നത് നമ്മുടെ മത ശീലങ്ങൾ അതിനെതിരായത് കൊണ്ടാണ്, അല്ലാതെ ഫിഖ്ഹിൽ പഴുതുണ്ടോ എന്നാലോചിച്ചല്ല.

ഇവിടെ പലപ്പോഴും ചർച്ചയാകാറുള്ള പലതിന്റെയും സ്ഥിതി ഇതു തന്നെ.

ആ പരിപാടി കാണാൻ സദസ്സിൽ കൂടിയവരിൽ കണ്ണിയത്തോറും സ്വദഖത്തുല്ലയോറും ഉള്ളാളത്തോറുമൊക്കെ ഉണ്ടായിരുന്നുവെന്നു വെറുതെ സങ്കൽപിക്കുക. ചുമരിൽ തൂക്കിയ കൃഷ്ണന്റെ ഫോട്ടോയും അഭിനേതാക്കൾ അണിഞ്ഞിരുന്ന ഹൈന്ദവ വേഷവും കണ്ടിരുന്നുവെന്നും വിചാരിക്കുക. അവരുടെ പ്രതികരണം എന്തായിരിക്കും?! ഇപ്പൊ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകൾക്കും അവർ പറയുന്നതാണ് ഇസ്‌ലാം. ആ മതിപ്പിൽ പലതും ഉണ്ട്. നമുക്ക് അതു വിടാതെയുള്ള വികാസമൊക്കെ മതിയെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഓരോ നാട്ടിലും ഇസ്‌ലാമിക സമൂഹത്തിൻ നില നിന്നു പോരുന്ന ചില അടിസ്ഥാന മൂല്യങ്ങളുണ്ട്. അതു മാനിക്കാതെ വയ്യ.

നിൽക്കുന്ന മേൽപ്പുര പരമാവധി നിക്കട്ടെ, അതു പൂർണമായി പൊളിച്ചിറക്കി മറ്റൊന്നു പണിതുണ്ടാക്കണമെങ്കിൽ അധ്വാനവും ചിലവും കൂടും. നൂറ്റാണ്ടുകളുടെ ഈടുവെപ്പുണ്ട് കേരളത്തിന്, മറക്കരുത്.

പ്രബോധന രംഗത്ത് നൂതനത്വം കൊണ്ടുവരുക തന്നെ വേണം. പക്ഷെ, ഇരിക്കുന്ന കൊമ്പ് വെട്ടി കൊണ്ടായിരിക്കരുത് എന്നു മാത്രം.

പിന്നെ നാടകത്തിന്റെ കാര്യത്തിൽ ഒരു ആശങ്ക കൂടി, ഇതു തുടങ്ങി വെച്ചാൽ ലഗാനില്ലാതെ ഓടാൻ തുടങ്ങും. അന്നു ഹറാമിന് മൂക്കുകയറിടാൻ ആരും ഉണ്ടാവില്ല. പല അറബു രാജ്യങ്ങളും സാക്ഷി. അപ്പൊപിന്നെ, നമ്മെപ്പോലെ സെക്കുലർ ആയ, അമുസ്ലിം സംസ്കാരങ്ങൾക്ക് മേൽക്കൈ ഉള്ള നാട്ടിൽ പറയേണ്ടി വരില്ല.

അല്ലാഹു നമുക്കെല്ലാവർക്കും അവൻ പൊരുത്തപ്പെട്ട കാര്യങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ!

Leave a Reply

Your email address will not be published. Required fields are marked *