കുട്ടിക്കാലം നിഷ്‌കളങ്കമായ ജീവിതകാലം


വരയും കുറിയുമൊന്നുമില്ലാത്ത ശൂന്യമായ വെള്ളക്കടലാസ് പോലെയാണ് കുട്ടികളുടെ മനസ്സ്. നിഷ്‌കപടമായ മനസ്സോടെയാണ് ഓരോരുത്തരും ജനിക്കുന്നത്. എന്തിനോടെങ്കിലും പ്രത്യേകമായുള്ള ആകര്‍ഷണമോ, അനുകൂലമോ പ്രതികൂലമോ ആയ സമീപനമോ ജന്മസിദ്ധമായി ഉണ്ടാകുന്നതല്ല; കുടുംബാന്തരീക്ഷത്തില്‍നിന്ന് കിട്ടുന്നതാണ്. ഇക്കാര്യം ലളിതമായിപ്പറയുന്ന ഒരു ഹദീസ് വളരെ പ്രാധാന്യത്തോടെ എടുത്തുദ്ധരിച്ച ശേഷം അതേക്കുറിച്ച് സംസാരിക്കുന്നുണ്ട് ഇഹ്‌യാഅ്. ‘ഓരോ ശിശുവും ജനിക്കുന്നത് നിഷ്‌കളങ്കവും ശുദ്ധവുമായ പ്രകൃതിയിലാണ്. അവനെ ജൂതനോ നസ്രാണിയോ മജൂസിയോ ആക്കുന്നത് അവന്റെ മാതാപിതാക്കളാണ്. അതായത് തെറ്റായ ശിക്ഷണത്തിലൂടെയും ശീലങ്ങളിലൂടെയുമാണ് അവര്‍ വഴിമാറിപ്പോവുന്നത്. ജനനസമയത്ത് എല്ലാ അവയവങ്ങളും പൂര്‍ണ വളര്‍ച്ച പ്രാപിച്ചിട്ടുണ്ടാകില്ലല്ലോ. വളരുന്നതിനനുസരിച്ച് ശരിയായ പോഷണവും പരിപാലനവും കിട്ടുമ്പോള്‍ ശരീരം പൂര്‍ണവളര്‍ച്ചയും ആരോഗ്യവും കൈവരിക്കുന്നു. അതുപോലെ തന്നെയാണ് മനസ്സും. ജനന സമയത്ത് അത് പൂര്‍ണമായ വളര്‍ച്ചയും പക്വതയും കൈവരിച്ചിട്ടുണ്ടാകില്ല. അത് നേടിയെടുക്കേണ്ടതാണ്. ചിട്ടകളും ശീലങ്ങളും വളര്‍ത്തുന്നതിലൂടെയും സ്വഭാവ സംസ്‌കരണത്തിലൂടെയും വളരുന്നതിന് ആനുപാതികമായ വൈജ്ഞാനിക ശിക്ഷണത്തിലൂടെയുമാണ് മാനസിക വളര്‍ച്ചയും വ്യക്തിത്വ വികാസവും ഉണ്ടാകുന്നത്'(ഇഹ്‌യാഉ ഉലൂമിദ്ദീന്‍ 2/ 66. ഇതേ ആശയം മീസാനുല്‍ അമല്‍ പേ.70ലും രേഖപ്പെടുത്തിയിട്ടുണ്ട്).
അതിനാല്‍ കുട്ടികളുടെ ബാല്യ കൗമാര കാലത്ത് രക്ഷിതാക്കളുടെ ഉത്തരവാദിത്തം വളരെ വലുതാണെന്ന് ഇമാം ഗസ്സാലി(റ) ഓര്‍മപ്പെടുത്തുന്നു. നിങ്ങളുടെ കയ്യില്‍ കിട്ടിയ ശൂന്യമായ വെള്ളക്കടലാസില്‍ അര്‍ത്ഥശൂന്യമായ കുറേ കുത്തിവരകള്‍ നിറക്കണോ അതോ സുന്ദരവും ആകര്‍ഷകവും വര്‍ണശബളവുമായ പടം വരക്കണോ? രണ്ടായാലും നിങ്ങളുടെ തീരുമാനമാണ് പ്രധാനം. ഇതുപോലെയാണ് കുട്ടികളുടെ മനസ്സ്. നിങ്ങള്‍ കൊടുക്കുന്നത് അവര്‍ സ്വീകരിക്കും. ശരിയായാലും തെറ്റായാലും. ഇഹ്‌യാഇല്‍നിന്നുതന്നെ വായിക്കാം: ‘കുട്ടികളുടെ മനസ്സ് വരകളോ ചിത്രങ്ങളോ ഒന്നും ഇല്ലാത്ത പൂര്‍ണമായി ശുദ്ധവും നിഷ്‌കപടവുമായ ഒരു നൈസര്‍ഗിക ഗുണമാണ്. എന്തു കുറിച്ചാലും അത് സ്വീകരിക്കും. എങ്ങോട്ട് തിരിച്ചാലും അങ്ങോട്ട് ചായും. നന്മ ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അതിനൊത്ത് വളരും. ഇഹത്തിലും പരത്തിലും വിജയിക്കും. അവര്‍ക്ക് ലഭിക്കുന്ന രക്ഷയിലും പ്രതിഫലത്തിലും അവരുടെ രക്ഷിതാവിനും പങ്കാളിത്തമുണ്ടാകും. അവരുടെ ഓരോ അധ്യാപകനും ചിട്ടകളും അച്ചടക്കവും ശീലിപ്പിക്കുന്നവരാകണം. തിന്മ ശീലിപ്പിക്കുകയും മൃഗങ്ങളെപ്പോലെ കെട്ടഴിച്ചുവിടുകയും ചെയ്താല്‍ തീര്‍ച്ചയായും അവര്‍ പരാജയപ്പെട്ടു. നാശമടഞ്ഞു. അതിന്റെ കുറ്റം അവരുടെ പരിപാലനോത്തരവാദിത്തം ഉണ്ടായിരുന്ന രക്ഷിതാക്കള്‍ക്ക് കൂടിയാണ്'(ഇഹ്‌യാഉ ഉലൂമിദ്ദീന്‍ 3/78).
അതിനാല്‍ കുട്ടിക്കാലം രക്ഷിതാക്കളെ ഏല്‍പിച്ചിട്ടുള്ള അമാനത്താണ്. അതിനെ യഥോചിതം പരിപാലിക്കണം. ഇല്ലെങ്കില്‍ സാമൂഹിക സംവിധാനം തന്നെ താറുമാറാകും. അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം രക്ഷാകര്‍തൃത്വമുള്ളവര്‍ക്കൊക്കെ ഉണ്ടായിരിക്കും; മാതാപിതാക്കളായാലും അധ്യാപകരായാലും.
ക്രിയാത്മക പരിശീലനം
ഒരാളുടെ ശീലവും സ്വഭാവവും മാറ്റിയെടുക്കുന്നത് അസാധ്യമാണെന്നാണ് നമ്മുടെ വെപ്പ്. അത് ശരിയല്ല. ‘ഹസ്സിനൂ അഖ്‌ലാഖകും എന്ന് നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട്(ഇഹ്‌യാഅ് 3/60). നിങ്ങളുടെ സ്വഭാവം നന്നാക്കണമെന്നാണ് ഈ നിര്‍ദ്ദേശം. മാറ്റം അസാധ്യമെങ്കില്‍ വിശുദ്ധ ഖുര്‍ആനിലും തിരുഹദീസിലും നിര്‍ദ്ദേശിക്കപ്പെട്ട ഉപദേശങ്ങളും ചരിത്ര പാഠങ്ങളുമെല്ലാം നിരര്‍ത്ഥകമാവും. അതിനാല്‍ സ്വഭാവ രൂപീകരണം പോലെ പ്രധാനമാണ് സംസ്‌കരണവും. രണ്ടായാലും സക്രിയവും നിരന്തരവുമായ പരിശീലനം ആവശ്യമാണ്. ഈ തിരിച്ചറിവ് രക്ഷിതാക്കള്‍ക്ക് ഇല്ലാതെയാകുന്നതാണ് പതിവു പ്രശ്‌നം. അതിനാല്‍ പരിശീലനത്തിലൂടെ ശീലങ്ങള്‍/ സ്വഭാവങ്ങള്‍ രൂപപ്പെടുത്തുക/ സംസ്‌കരിക്കുക. ഉദാഹരണത്തിന് അഹംഭാവം എന്ന ദുര്‍ഗുണം മാറ്റിയെടുക്കാന്‍ ഒരാള്‍ ചെയ്യേണ്ടത് വിനയാന്വിതരുടെ നടപ്പുശീലങ്ങള്‍ അപ്പടി പകര്‍ത്തുകയാണ്. അവരുടെ പെരുമാറ്റവും ശൈലിയും ഇടപെടലുകളുമെല്ലാം ഇദ്ദേഹം പതിവായി അനുകരിക്കട്ടെ. ദീര്‍ഘകാലം അപ്പടി പരിശീലിക്കുകയും വിനയം മനസ്സിലും വാക്കിലും പ്രകടനത്തിലും ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുകയും ചെയ്യുമ്പോള്‍ അതു ക്ഷിപ്രസാധ്യമാകും(ഇഹ് യാഅ് 3/63). സല്‍സ്വഭാവികളോടും നല്ലവരോടും കൂട്ടുകൂടുന്നതും സ്വഭാവരൂപീകരണത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു(ഇഹ്‌യാഅ് 3/ 65).
സ്വഭാവ പ്രകൃതത്തിലും ശീലത്തിലും നിരന്തരവും ക്രിയാത്മകവുമായ പരിശീലനത്തിലൂടെ മാറ്റിയെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല. കുറേ കുട്ടികള്‍ ജന്മനാ നല്ല ശീലമുള്ളവരായി വളരുന്നു. എന്നാല്‍ എത്രയോ പേര്‍ മറിച്ചാണ്. നിരന്തരമായ പരിശീലനത്തിലൂടെയും സ്വഭാവഗുണങ്ങളുള്ളവരുമായുള്ള ഇടപഴകലിലൂടെയും അവരെ മാറ്റിയെടുക്കാവുന്നതാണ്. നല്ല വിദ്യാഭ്യാസത്തിലൂടെയും ഇതു സാധ്യമായേക്കും(ഇഹ്‌യാഅ് 3/63).
ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്ന് വശങ്ങളുടെയും സംഘാതമാണ് ഒരാള്‍. അതിനാല്‍, കായികാരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള വ്യായാമമുറകള്‍ ശീലിപ്പിച്ചോ പോഷകാഹാരം നല്‍കിയോ മാത്രം രക്ഷിതാക്കളുടെ ബാധ്യത പൂര്‍ത്തിയാക്കാനാവില്ല. മാനസികവും ആത്മീയവുമായ വ്യായാമവും അറിവ് എന്ന അന്നവും കുട്ടികള്‍ക്ക് യഥാവിധി കിട്ടിയിരിക്കണം. ശരീരം രോഗവിമുക്തമായിരിക്കുന്നതുപോലെ മനസ്സിന്റെയും ആത്മാവിന്റെയും മൂല്യശോഷണത്തിന് കാരണമാകുന്നതും ആത്മീയാഭിവൃദ്ധിക്ക് തടസ്സമാകുന്നതുമായ രോഗങ്ങളില്‍നിന്നും മോചനം വേണം. ഭൗതിക ശാസ്ത്രത്തിനും ഡോക്ടര്‍മാര്‍ക്കും ശരീരത്തെ ചികിത്സിക്കാനേ കഴിയൂ. ആത്മീയ സാധന കൊണ്ടു മാത്രമാണ് സ്വഭാവ സംസ്‌കരണം സാധ്യമാവുക. അധ്യാപകരായാലും രക്ഷിതാക്കളായാലും തങ്ങളുടെ അധീനതയിലുള്ളവരുടെ ആധ്യാത്മിക പോഷണത്തിന് ഉപകരിക്കുന്ന ചില മാര്‍ഗരേഖകളും പരിശീലന രീതികളും പ്രായോഗികമായി നടപ്പില്‍ വരുത്തേണ്ടതാണ്. അതിന്റെ വിധവും പ്രകാരവും എങ്ങനെയെല്ലാം ആകാമെന്ന് ഇഹ്‌യാഉ ഉലൂമിദ്ദീനില്‍ സവിസ്തരം പറഞ്ഞിട്ടുണ്ട്.
നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കുക
ജന്മനാ നിഷ്‌കളങ്ക പ്രകൃതരായ കുട്ടികളുടെ സ്വഭാവ മൂല്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് മാതാപിതാക്കള്‍ക്കാണല്ലോ. അതിനാല്‍ നല്ല കുടുംബാന്തരീക്ഷം ഉണ്ടെങ്കിലേ മക്കളും നന്നായി വളരൂ എന്ന് ഓര്‍ക്കുക. വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ക്കല്ലാതെ നല്ല മാതാപിതാക്കളാകാന്‍ കഴിയില്ല. സ്‌നേഹവും ലാളനയും കുട്ടികളോട് മാത്രം പോരാ. മാതാപിതാക്കള്‍ പരസ്പരം സ്‌നേഹവും ബഹുമാനവും വിശ്വാസ്യതയും നിലനിര്‍ത്തണം. അത് കുടുംബത്തിന്റെ മൊത്തത്തിലുള്ള സുരക്ഷിതത്വ ബോധം ഉയര്‍ത്തും. അതിന്റെ വിശദമായ രീതിശാസ്ത്രം കിതാബുന്നികാഹില്‍ ഇമാം ഗസ്സാലി(റ) തന്നെ വിശദീകരിച്ചിട്ടുണ്ട്.
മാതാപിതാക്കള്‍ കുട്ടികളുടെ റോള്‍മോഡലുകള്‍ ആവണം. അഥവാ, സ്വയം ശീലിച്ചും കുട്ടികളെ പരിശീലിപ്പിച്ചും കാണിക്കേണ്ട കുറേ കാര്യങ്ങള്‍ ഉണ്ട്. അതിലൂടെ മാതൃകാകുടുംബങ്ങള്‍ സൃഷ്ടിക്കപ്പെടും. കുട്ടിയുടെ വളര്‍ച്ചക്കും പക്വതക്കും അനുസരിച്ച് ഓരോരോ കാര്യങ്ങള്‍ ശീലിപ്പിക്കണം. ഇഹ്‌യാഉ ഉലൂമിദ്ദീനില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
കുടുംബം എന്ന പര്‍ണശാലയില്‍നിന്ന് അഭ്യസിപ്പിക്കപ്പെടേണ്ട പ്രാഥമിക പാഠങ്ങള്‍ ഇഹ്‌യാഇല്‍നിന്ന് സംഗ്രഹിക്കാം.
1. ഭോജനം
ബാല്യത്തിലേ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ശീലമാണ് ഇസ്‌ലാം നിര്‍ദ്ദേശിച്ച രീതിയിലുള്ള ഭോജനം. ആഹരിക്കുന്നതിനുമുമ്പ് കൈ കഴുകുക. വലതുകൈകൊണ്ട് കഴിക്കുക. ബിസ്മില്ലാഹി ചൊല്ലി തുടങ്ങുക. തളികയില്‍ തന്നോട് ചേര്‍ന്ന ഭാഗത്തുനിന്ന് കഴിക്കുക. ആര്‍ത്തി വെടിയുക. അനാവശ്യമായി സമയം പാഴാക്കുന്ന വിധത്തില്‍ പതുക്കെ കഴിക്കാതിരിക്കുക. ഒന്നിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെ പരിഗണിക്കുക. നന്നായി ചവച്ചരക്കുക. വായിലുള്ളത് ഇറക്കിയ ശേഷം അടുത്തത് കഴിക്കുക. കൈവെള്ളയാകെ ഭക്ഷണം പരത്താതെയിരിക്കുക, തളികക്കു പുറത്തോ വസ്ത്രത്തിലോ വീഴ്ത്താതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീഴ്ചകള്‍ സൗമ്യമായ ഭാഷയില്‍ തിരുത്തുകയും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അഭിനന്ദിക്കുകയും ചെയ്യുക. കിട്ടിയത് തൃപ്തിപ്പെടാന്‍ ശീലിപ്പിക്കുക.
2. വസ്ത്രധാരണം
വസ്ത്രധാരണം നിര്‍വഹിക്കുമ്പോഴും നിര്‍ദേശിക്കപ്പെട്ടുള്ള ദിക്‌റുകള്‍ ചൊല്ലാനും വലതു വശത്തിന് മുന്‍ഗണന നല്‍കാനും ചെറുപ്പത്തിലേ ശീലിപ്പിക്കണം. ധാരണം പോലെ പ്രധാനമാണ് തെരഞ്ഞെടുപ്പും. മാന്യമായ ഏതു വസ്ത്രവും ആവാം. എന്നാല്‍ ആഢംബരം ഒഴിവാക്കുക. അത് കുട്ടികളില്‍ അമിതവ്യയം, ദുര്‍വിനിയോഗം, പൊങ്ങച്ചം, പ്രകടനപരത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വളരുവാന്‍ കാരണമാകും.
3. സഭ്യത
സഭയില്‍ പെരുമാറേണ്ടതെങ്ങനെ എന്ന് പ്രത്യേകം ഉണര്‍ത്തണം. മറ്റൊരാളോട് മുഖം തിരിഞ്ഞിരിക്കരുത്. അത് അവഗണനയാണ്. കാലിന്മേല്‍ കാല്‍ കയറ്റി ഇരിക്കുന്നത് തടയണം. അത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. താടിക്ക് കൈ കുത്തിയിരിക്കുന്നതും പിരടിമേല്‍ കൈകെട്ടുന്നതും അലസന്മാരുടെ സ്വഭാവമാണ്, ഒഴിവാക്കണം. സഭയില്‍ തുപ്പുക, കാര്‍ക്കിക്കുക, കോട്ടുവായിടുക എന്നിവ ഒഴിവാക്കണം. കോട്ടുവാ തടുക്കാനായില്ലെങ്കില്‍ മറ്റൊരാളുടെ മുഖത്തിനു നേരെയാകാതിരിക്കാനും ഇടതുകൈയുടെ പുറം ഭാഗംകൊണ്ട് വായ പൊത്താനും ശ്രദ്ധിക്കണം.
4. സംസാരം
അമിതഭാഷണം എല്ലാ സന്ദര്‍ഭത്തിലും ഉപേക്ഷിക്കാന്‍ ശീലിപ്പിക്കേണ്ടതാണ്. ആവശ്യമായിടത്തല്ലാതെ സംസാരം ആരംഭിക്കുന്നത് താനാകാതിരിക്കുക. നിരര്‍ത്ഥകം, അനാവശ്യം, വഴക്ക്, കളവ്, ഏഷണി, പരദൂഷണം തുടങ്ങിയവ പൂര്‍ണമായും വര്‍ജിക്കാനും അത്തരം സ്വഭാവങ്ങള്‍ ഉള്ളവരുമായുള്ള സഹവാസം ഒഴിവാക്കാനും ശ്രദ്ധിക്കണം. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അവരുടെ ഭാഷണത്തിന് ചെവി കൊടുക്കുക. ഇടയില്‍ കയറിപ്പറ്റാതിരിക്കുക. മുതിര്‍ന്നവരോടും ആദരിക്കപ്പെടേണ്ടവരോടും സംസാരിക്കുമ്പോള്‍ അവരെക്കാള്‍ ശബ്ദം ഉയര്‍ത്താതിരിക്കുക.
5. കളി
അനുവദിക്കണം. ശരീരത്തിനും മനസ്സിലും അത് ഊര്‍ജവും ആവേശവുമാണ്. ബുദ്ധി വളര്‍ച്ചക്കുകൂടി അത് ഉപകരിക്കുന്നു. ഇഹ്‌യാഇന്റെ അതേ വാക്കുകളില്‍ ‘പാഠശാലയില്‍നിന്ന് വന്നാല്‍ നല്ല രീതിയിലുള്ള കളിയിലേര്‍പ്പെടാന്‍ കുട്ടിക്ക് അനുവാദം നല്‍കണം. ക്ഷീണം തീര്‍ക്കാനും വിശ്രമത്തിനും ഇതാവശ്യമാണ്. എന്നാല്‍ കൡച്ച് ക്ഷീണിക്കാനിടവരരുത്. കുട്ടിയെ തീര്‍ത്തും കളിയില്‍നിന്ന് തടയുകയും പഠിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്താല്‍ അവന്‍ മാനസികമായി തകരുകയും ബുദ്ധി ശോഷിക്കുകയും ജീവിതം ക്ലേശകരമാവുകയും പഠനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കുതന്ത്രം പ്രയോഗിക്കുകയും ചെയ്യും'(ഇഹ്‌യാഉ ഉലൂമിദ്ദീന്‍ 3/117).
6. ദുഃസ്വഭാവങ്ങളില്‍നിന്ന് അകറ്റുക
ഹറാം ഭോജനം, മോഷണം, ചതി, കളവ്, സ്വവര്‍ഗഭോഗം, മറ്റു നിഷിദ്ധമായ എല്ലാ പ്രവൃത്തികളില്‍നിന്നും അകറ്റിനിര്‍ത്തേണ്ടതാണ്. മോശമായ ഒരു പ്രവര്‍ത്തനം രഹസ്യമായിപ്പോലും ചെയ്തുകൂടാ. അതിന് ആവശ്യമായ ആത്മീയ ബോധവും പരലോകചിന്തയും വളര്‍ത്തണം.
7. ചീത്ത കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കുക
കുട്ടികളെ വളര്‍ത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അവരുടെ സുഹൃദ്ബന്ധങ്ങളാണ്. ചാരിയാല്‍ ചാരിയത് മണക്കും. അതിനാല്‍ അയല്‍പക്കത്തായാലും പാഠശാലയിലായാലും ദുഃസ്വഭാവം, ആഢംബരം, പൊങ്ങച്ചം തുടങ്ങിയവയുള്ള കൂട്ടുകാരില്‍നിന്ന് മക്കളെ അകറ്റി നിര്‍ത്തണം. ചീത്ത കൂട്ടുകെട്ട് സല്‍കര്‍മങ്ങള്‍ നശിപ്പിക്കുന്ന തീയാണ്. എവിടെയെങ്കിലും തീപിടുത്തമുണ്ടായെന്ന് കരുതുക. നിങ്ങളുടെ കുട്ടിക്ക് ആപത്തണയാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കും. എങ്കില്‍ ഏറ്റവും വലിയ സംരക്ഷണം കൊടുക്കേണ്ടത് നരകത്തില്‍നിന്നാണ്. ‘നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്നിയില്‍നിന്ന് കാത്തുകൊള്‍വിന്‍’ എന്ന് ഖുര്‍ആന്‍ പറഞ്ഞുവല്ലോ.
8. ഒഴിവുസമയം നികത്തുക
ഒഴിവുവേളകളില്‍ ബൗദ്ധികമോ പാരത്രികമോ ആയ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശീലിപ്പിക്കുക. സമയം പാഴാക്കാന്‍ അനുവദിക്കരുത്. ആരോഗ്യവും ഒഴിവുസമയവും യഥോചിതം ചെലവഴിക്കാത്തവര്‍ സ്വയം വഞ്ചിതരായി എന്ന് തിരുനബി(സ) ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പകലുറക്കം അനുവദിക്കരുത്. അത് ആലസ്യം വളര്‍ത്തും.
9. അനുസരണം
മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരെ ആദരിക്കാനും അനുസരിക്കാനും പഠിപ്പിക്കുക. തന്നെക്കാള്‍ പ്രായത്തിനു മുതിര്‍ന്നവരെ ബഹുമാനിക്കുക. പരിചയക്കാരായാലും അല്ലെങ്കിലും. ആദരിക്കപ്പെടേണ്ടവരെ കാണുമ്പോള്‍ എഴുന്നേറ്റുനില്‍ക്കലും അവര്‍ക്ക് സ്ഥലസൗകര്യം ചെയ്തുകൊടുക്കുന്നതും സല്‍സ്വഭാവമാണ്. മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും മുന്നില്‍ കയറി നടക്കുന്നത് മര്യാദകേടാണ്. അവരുടെ സംസാരത്തിന് പൂര്‍ണമായും ശ്രദ്ധ കൊടുക്കുകയും വ്യക്തമായ മറുപടി നല്‍കുകയും ചെയ്യുക എന്നതും ഉത്തമ ശീലമാണ്.
10. ശിക്ഷയല്ല, ശിക്ഷണം
കുട്ടികള്‍ എന്തബദ്ധം ചെയ്താലും അതെല്ലാം കുറ്റമായി കാണുകയും ശിക്ഷിക്കുകയും ചെയ്യുന്നത് ശരിയല്ല. അറിവില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ അത് അബദ്ധമാണ്; തിരുത്തുക. കുറ്റമല്ല, ശിക്ഷിക്കരുത്. ഏറ്റവും പ്രധാനമാണല്ലോ നിസ്‌കാരം. ഏഴുവയസ്സായാല്‍ നിസ്‌കരിക്കാന്‍ കല്‍പിക്കുകയും പത്തുവയസ്സായാല്‍ ചെയ്തില്ലെങ്കില്‍ അടിക്കുകയും വേണമെന്ന ഹദീസ് പ്രസിദ്ധമാണ്. ഇതിനെ ആധാരമാക്കി പത്തുവയസ്സിനു മുമ്പ് കുട്ടികള്‍ക്ക് പ്രഹരശിക്ഷ കൊടുത്തുകൂടാ എന്ന അഭിപ്രായപ്പെടുന്നവരുണ്ട്. അതിനാല്‍ ശിക്ഷ ആവാം, സത്സ്വഭാവിയായി വളരുവാന്‍ ആവശ്യമായ വിധത്തില്‍ സന്ദര്‍ഭോചിതമായിട്ടാവണമെന്ന് മാത്രം.
ചെറുതും വലുതുമായ സകല കാര്യങ്ങളിലും നിരന്തരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ശിക്ഷിക്കുകയും ചെയ്താല്‍ അവരുടെ ആത്മവിശ്വാസം തകരുവാനും ദുഃസ്വഭാവികളും തിന്മ ചെയ്യാന്‍ അറപ്പില്ലാത്തവരും ആയി മാറാനും കാരണമാകും.
അബദ്ധങ്ങള്‍ തിരുത്തുന്നതുപോലെ തന്നെ പ്രധാനമാണ് സുബദ്ധങ്ങളെ അഭിനന്ദിക്കുന്നതും. അനുസരണവും വിധേയത്വവും അഭിമാനബോധവും ആത്മവിശ്വാസവും വളര്‍ത്തണം. അതിന് നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിരുകവിയാത്ത പ്രശംസയും പ്രാര്‍ത്ഥനയും ചെയ്യാന്‍ മറക്കരുത്. കാരണം ശിക്ഷയല്ല, ശിക്ഷണമാണ് പ്രധാനം.
പിന്‍കുറിപ്പ്: ‘അറിവ് പ്രയോഗിക്കാനുള്ളതാണ്. പ്രയോജനരഹിതമായ അറിവ് പേറിനടക്കുന്നത് ഒരു തരം മാനസിക രോഗമാണ്'(അയ്യുഹല്‍വലദ്, ഇമാം ഗസ്സാലി(റ).

Leave a Reply

Your email address will not be published. Required fields are marked *